യാഹുവിന്റെ കുഴലുകള്‍യാഹൂ കുഴലുകള്‍ (Yahoo Pipes) വെബ്‌ സൈറ്റുകളുടെ ഉള്ളടക്കം കൂട്ടി യോജിപ്പിക്കാനും, വേണ്ടതു തിരഞ്ഞെടുക്കാനും വളരെ ഉപകാരപ്രദമായ ഒരു സംവിധാനം ആണ്. കുഴലുകള്‍ ഉപയോഗിച്ച് രണ്ടു കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റും.
 1. പല വെബ്‌ സൈറ്റുകളുടെ ഉള്ളടക്കം സംയോജിപ്പിച്ച്  (Aggregate) ഒന്നിച്ചു കാണിക്കുക.
 2. യോജിപ്പിച്ചതോ അല്ലാത്തതോ ആയ വെബ് സൈറ്റുകള്‍ ചികഞ്ഞു നിങ്ങള്‍ക്കു വേണ്ടുന്ന സംഗതികള്‍ മാത്രം കടഞ്ഞെടുത്ത് അനുയോജ്യമായ ഫോര്‍മാറ്റില്‍ പ്രദര്‍ശിപ്പിക്കുക (ഇതിനു മാഷ്അപ് - Mashup എന്നു പറയും)
എന്താണ് യാഹൂ പൈപ്പുകള്‍?
വെള്ളം ഒഴുകുന്ന ഒരു പൈപ്പ് തന്നെ സങ്കല്‍പ്പിക്കുക. പല പൈപ്പുകളില്‍ നിന്നും ശേഖരിക്കുന്ന ജലം കൂട്ടിയോജിപ്പിച്ച് (aggregate) ഒരു പാത്രത്തിലേക്ക് പകരുന്നതു പോലെ  തന്നെയാണ് യാഹൂ പൈപ്പുകളും പ്രവര്‍ത്തിക്കുന്നത്.  പാത്രത്തില്‍ പകരുന്ന ജലം ആണ് നാം കാണുന്നത്. ഒഴുകിയെത്തുന്ന ജലത്തിനെ നമുക്കു വേണമെങ്കില്‍ ചില അരിപ്പകള്‍ (filters) വച്ചു അനാവശ്യമായ സംഗതികള്‍ കളയാം. (കലക്ക വെള്ളം തെളിച്ചെടുക്കുന്ന പോലെ). പിന്നെ പകരുന്ന പാത്രത്തിന്റെ ആകൃതി (അതായത് നമ്മള്‍ക്ക് വേണ്ടുന്ന mashed up ഫോര്‍മാറ്റ്)‌ ആയിരിക്കും നമ്മള്‍ കാണുന്നത്.

യാഹൂ പൈപ്പുകള്‍ ജലത്തിന് പകരം വെബ്‌ ഫീഡുകള്‍ ആണ് ഉപയോഗിക്കുന്നത് എന്നു മാത്രം.

വെബ്‌ ഫീഡ്
നിങ്ങളൊരു ബ്ലോഗറോ ബ്ലോഗ്‌ വായനക്കാരനോ ആണെങ്കില്‍ തീര്‍ച്ചയായും വെബ്‌ ഫീഡ് (RSS feed [Really Simple Syndication] അല്ലെങ്കില്‍ ചുരുക്കത്തില്‍ ഫീഡ്) എന്ന പദം കേള്‍ക്കാതിരിക്കാന്‍ തരമില്ല. ന്യൂസ്‌, ബ്ലോഗുകള്‍ തുടങ്ങിയ സൈറ്റുകളുടെ ഉള്ളടക്കം താരതമ്യേന ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കും. വരിക്കാരായ ഉപഭോക്താക്കള്‍ക്ക് അവയുടെ ഉള്ളടക്കത്തിലെ വ്യതിയാനങ്ങള്‍ (changes) നല്‍കിക്കൊണ്ടിരിക്കുന്ന ഒരു ഡേറ്റ ഫോര്‍മാറ്റ്‌ ആണ് വെബ്‌ ഫീഡ്സ്. താഴെ കാണിച്ചിരിക്കുന്നതാണ് ഫീഡുകളെ കാണിക്കാന്‍ പൊതുവെ കൊടുക്കുന്ന ചിഹ്നം (icon).

Image from
www.bingoparadise.co.uk

ഫീഡുകള്‍ കാണാന്‍ ബ്രൌസറില്‍ തന്നെയുള്ള ഫീഡ് വായിക്കാനുള്ള സംവിധാനമോ ഗൂഗിള്‍ റീഡര്‍ പോലെയുള്ള Feed Aggregator-കളോ  ഉപയോഗിക്കാം.

ഒരു യാഹൂ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും യാഹൂ പൈപ്പുകളുടെ കഴിവ് പ്രയോജനപ്പെടുത്താം. ഒരുപാടൊന്നും പ്രോഗ്രാമിംഗ് വൈദഗ്ധ്യം വേണ്ടാത്ത വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു സങ്കേതം ആണ് ഇത്.

ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഞാന്‍ നിര്‍മ്മിച്ച ചില പൈപ്പുകള്‍ കാണാം. പട്ടികയുടെ ആദ്യത്തെ കോളത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ആ പ്രസ്തുത പൈപ്പിന്റെ രേഖാചിത്ര നിര്‍വചനം (graphical definition) കാണാം. അതില്‍നിന്നും ഫീഡുകള്‍ എങ്ങനെ കൂട്ടിച്ചേര്‍ത്തു ആവശ്യമുള്ള ഫലം എങ്ങനെ കിട്ടുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കും.കുഴലിന്റെ പേര്അതില്‍ നിന്നും കിട്ടിയ ഉത്പന്നം (Output)വിശദീകരണം
കേരള ഫോട്ടോസ്മുകളിലെ ഫോട്ടോ സ്ട്രീം കാണുകഫ്ലിക്കറില്‍ നിന്നും അഗ്രിഗേറ്റു ചെയ്ത നാട്ടിലെ ഫോട്ടോകളുടെ  ഒരു സഞ്ചയം. കേരളത്തിലെ എല്ലാ ജില്ലകളുടെ പേരും ഫ്ലിക്കര്‍ ഫീഡിന്റെ location ആയി കൊടുത്തു. കേരളം, kerala എന്നീ വാക്കുകള്‍ സെര്‍ച്ച്‌ കീവേര്‍ഡ്‌ ആയും കൊടുത്തു. കിട്ടുന്ന റിസള്‍ട്ട്‌കള്‍ എല്ലാം സംയോജിപ്പിച്ച് ഡൂപ്ലിക്കേറ്റുകള്‍ അരിച്ചു കളഞ്ഞു വിപരീത കാലക്രമ ദിശയില്‍ (reverse chronological order) തരംതിരിച്ച (sort ചെയ്ത) ഫീഡാണിത്.
മലയാളം വാര്‍ത്ത‍
ഫീഡുകള്‍ നല്‍കുന്ന മലയാളം ന്യൂസ്‌ സൈറ്റ്കളില്‍ നിന്നുമുള്ള ഫീഡുകള്‍ ചേര്‍ത്ത് ഡൂപ്ലിക്കേറ്റുകള്‍ അരിച്ചു കളഞ്ഞു വിപരീത കാലക്രമ ദിശയില്‍ sort ചെയ്തത്.
മുഖ്യ കമന്റര്‍മാര്‍
ഒരു വര്‍ഷം ബ്ലോഗിങ്ങ് കഴിഞ്ഞപ്പോള്‍ എന്‍റെ ഈ പോസ്റ്റില്‍ ഇതുവരെയുള്ള എല്ലാ കമന്റര്‍മാരുടെയും കമന്റുകള്‍ എണ്ണി റാങ്ക് കൊടുക്കണം എന്നു വിചാരിച്ചു. അതിനു വേണ്ടി നാളിതുവരെയുള്ള എല്ലാ കമന്റുകളും എണ്ണി കമന്റര്‍മാരുടെ പേരില്‍ എണ്ണം തരം തിരിച്ചു ക്രമപ്രകാരം സോര്‍ട്ട് ചെയ്തത്.
മികച്ച പൂവാലന്മാര്‍
വേണ്ടാതീനങ്ങള്‍ സൈറ്റിലെ Top Commentators Widget-ലേക്കുള്ള ഡേറ്റ ഫീഡ്.

യാഹൂ പൈപ്പുകള്‍ പോലെയുള്ള സൗകര്യം തരുന്ന മറ്റു സൈറ്റുകള്‍ ആണ്

എന്താ, ഇതുവരെ ശ്രമിച്ചിട്ടില്ലെങ്കില്‍ ഈ പൈപ്പുകള്‍ വളയ്ക്കയാനും ഒട്ടിയ്ക്കാനും ഒരു കൈ നോക്കിക്കൂടെ?

ബ്ലോക്ക്‌ ബെറികുറച്ചു ദിവസമായി ജംബൂഫല സൂത്രങ്ങളില്‍ (blackberry device!) നിന്നുള്ള ഇമെയില്‍ / ടെക്സ്റ്റ്‌ മെസ്സേജുകള്‍ രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ പരക്കുകയാണല്ലോ. എന്നാല്‍പ്പിന്നെ അതെക്കുറിച്ച് ഒന്നു പോസ്റ്റിയേക്കാം...

വാര്‍ത്തകളിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍,
 • ഒരു താല്‍ക്കാലിക നിരോധനത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച സൗദിയില്‍ ബ്ലാക്ക്‌ ബെറ്റി സേവനം പുനഃസ്ഥാപിക്കപ്പെട്ടു
 • ഈ മാസം അവസാനം ബ്ലാക്ക്‌ ബെറി നിരോധിക്കാന്‍ സൗദിഅറേബ്യ ആലോചിക്കുന്നു
 • UAE-യിലെ പ്രമുഖ ടെലിഫോണ്‍ സേവനദാതാക്കളായ (service provider) Etisalat-ഉം Du (Emirates Integrated Telecommunications Co)-ഉം ഒക്ടോബര്‍ 11-ആം തിയതി മുതല്‍ ബ്ലാക്ക്ബെറി ഇമെയില്‍ /ടെക്സ്റ്റ്‌ മെസ്സേജിംഗ് നിരോധിക്കുന്നു.
 • 2007-ല്‍ ഫ്രഞ്ച് ഉദ്യോഗസ്ഥരെ ബ്ലാക്ക്‌ബെറി ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിയാന്‍ ഭരണകൂടം ഉപദേശിച്ചു
 • 2008-ല്‍ ഇന്ത്യ ബ്ലാക്ക്‌ബെറിയുളവാക്കുന്ന ആഭ്യന്തര സുരക്ഷയെക്കുറിച്ച് വേവലാതിപ്പെട്ടു.
 • കഴിഞ്ഞ ആഴ്ച ഇന്ത്യയും വീണ്ടും ഇതേ പ്രശ്നം ഉന്നയിച്ചു
 • ഏറ്റവും ഒടുവില്‍, ബ്ലാക്ക്ബെറി നിരോധിക്കാന്‍ പരിപാടിയിടുന്നെന്നു കഴിഞ്ഞ ബുധനാഴ്ച ഇന്തോനേഷ്യ പ്രസ്താവിച്ചു
ലോകമാകമാനം 41 മില്യണ്‍ (4.1 കോടി) ഉപഭോക്താക്കള്‍ ഉള്ള, കാനഡ ആസ്ഥാനമായുള്ള RIM (Research In Motion) എന്ന കമ്പനിയാണ് ബ്ലാക്ക്‌ബെറി ഉല്പന്നത്തിന്റെ പുറകില്‍. അവര്‍ക്ക് UAE-ല്‍ 5 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. സൗദിയില്‍ 7 ലക്ഷവും. അവരുടെ കസ്റ്റമേഴ്സിന്റെ 3%-ല്‍ താഴയേ വരുന്നുള്ളൂ ഗള്‍ഫിലെ മൊത്തം ഉപഭോക്താക്കള്‍.

ബ്ലാക്ക്‌ബെറിയില്‍ നിന്നും കൈമാറുന്ന മെസ്സേജുകള്‍ encrypted (നിഗൂഢമായി ലിഖിതം ചെയ്തത്) ആണ്. മാത്രമല്ല ബ്ലാക്ക്ബെറി സെര്‍വറുകള്‍ കാനഡയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. തന്മൂലം ഒരു ബ്ലാക്ക്ബെറിയിലേക്കും പുറത്തേക്കും പ്രവഹിക്കുന്ന സന്ദേശങ്ങള്‍ വേധിച്ച് (intercept) ചാരപ്രവൃത്തി ചെയ്യാന്‍ ഗവണ്മെന്റിനു വളരെ പ്രയാസമാണ്. വ്യക്തിസ്വാതന്ത്രവും രാഷ്ട്രതാല്‍പര്യവും തമ്മിലുള്ള ഒരു ഞാണിന്മേല്‍ക്കളിയാണ് ഇവിടെ പ്രശ്നമാകുന്നത്.


ഇത് ജനങ്ങളുടെ സ്വകാര്യതയിലെ കൈകടത്തല്‍ ആണെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. ബ്ലാക്ക്ബെറി ഒരു ഗ്ലോബല്‍ ഫോണ്‍ ശൃംഖല ആയതിനാല്‍ ഗവണ്മെന്റ് ചെയ്യുന്ന കൈകടത്തലുകള്‍ UAE-ല്‍ കൂടി കടന്നു പോകുന്ന വിദേശ സന്ദര്‍ശകരെയും ബാധിക്കും എന്ന് വ്യക്തം. എന്നാല്‍ തികച്ചും സുരക്ഷാ കാര്യമാണെന്ന് UAE അധികൃതര്‍. ഇപ്പോഴത്തെ സാങ്കേതിക രീതി നിയമപ്രകാരമുള്ള ഉത്തരവാദിത്വത്തില്‍ നിന്നും വ്യതിചലിച്ചു പ്രവര്‍ത്തിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നു എന്ന് ട്രാ (TRA - Telecommunications Regulatory Authority) പറയുന്നു.

ഇതിനെക്കുറിച്ച് RIM-ന്റെ CEO പറയുന്നത് ശ്രദ്ധിക്കുക. "ഇവിടെ പ്രശ്നം ബ്ലാക്ക്ബെറി മാത്രമല്ല. ഇന്റര്‍നെറ്റില്‍ എല്ലാം encrypted ആണ്. അവര്‍ക്ക് ഇന്റര്‍നെറ്റ്‌ സുരക്ഷ നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ നിര്‍ത്തുന്നതാണ് നല്ലത്"

ഈ പോസ്റ്റില്‍ ബ്ലാക്ക്‌ബെറിയുടെ കൂടുതല്‍ സാങ്കേതിക വശങ്ങള്‍ മാത്രമേ എഴുതാന്‍ ആഗ്രഹിക്കുന്നുള്ളൂ. അതാതു ഭരണകൂടങ്ങള്‍ അവരവരുടെ നയങ്ങള്‍ നടപ്പാക്കട്ടെ... (ചുരുക്കിപ്പറഞ്ഞാല്‍ അടികൂടാന്‍ ഞാനില്ലെന്ന്!)

ഇനി ബ്ലാക്ക്‌ബെറി മെസ്സേജിംഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം.

ഒരു സാധാരണ തദ്ദേശീയ കമ്പനിയുടെ ഫോണില്‍ നിന്നുള്ള മെസ്സേജുകള്‍ ഒരു ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍ (തദ്ദേശീയ വിനിമയശൃംഖല ദാതാവ്) വഴി പ്രവഹിച്ച് സ്വീകര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ എത്തിച്ചേരും. ചിത്രം കാണുക. ഈ മെസ്സേജ് route ചെയ്യുന്നതും process ചെയ്യുന്നതുമായ സെര്‍വറുകള്‍ ആ രാജ്യത്തു തന്നെ നില കൊള്ളുന്നു. ആ മെസ്സെജുകള്‍ സാധാരണ encrypted അല്ല. ഇനി ആയാലും ഗവണ്മെന്റിനു അവയില്‍ യഥേഷ്ടം ചാരപ്പണി നടത്താം. കഠിനനിയന്ത്രണം ഏര്‍പ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണ്.

എന്നാല്‍ ബ്ലാക്ക്‌ബെറി സംവിധാനത്തില്‍ ഈ മെസ്സേജുകള്‍ അവരുടെ സ്വന്തം സ്വകാര്യ സുരക്ഷിത നെറ്റ്‌വര്‍ക്ക് ആണ് കടത്തി വിടുന്നത്. മാത്രമല്ല വിദേശത്തുള്ള RIM-ന്റെ സെര്‍വറുകളാണ് ഇത് കൈകാര്യം ചെയ്യുന്നതും. തന്മൂലം ഗവണ്മെന്റ് കൈകടത്തലും ചോര്‍ത്തലും വലിയ പ്രയാസമാണ്.

നിയന്ത്രണങ്ങളും മാര്‍ഗങ്ങളും (controls and procedures) ആവശ്യമാണ്. എന്നാല്‍ പുതുതായി ഉയര്‍ന്നുവരുന്ന ടെക്നോളജിയെ രാക്ഷസീകരിക്കാതിരിക്കാന്‍ ഗവണ്മെന്റുകള്‍ ശ്രദ്ധിക്കണം.

ഉദാഹരണമായി FBI-യുടെ മുന്‍ഡയറക്ടര്‍ ലൂയി ഫ്രീ (Louis Freeh) 1999/2000-മാണ്ടില്‍ പറഞ്ഞത് encryption ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നം ആയിരിക്കും എന്നാണ്. എന്നാല്‍ encryption ഇപ്പോള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നു.

__________________________________________________
encryption-നെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ടെങ്കില്‍ താഴെ വായിക്കുക.

നിര്‍വചനങ്ങള്‍
encryption - cleartext (തെളിഞ്ഞ എഴുത്ത്) അല്ലെങ്കില്‍ plaintext വേറെ രീതിയില്‍ ലിഖിതം ചെയ്തു സുരക്ഷിതം (secure) ആക്കുന്ന പ്രക്രിയ

cipher - encrypt ചെയ്യാന്‍ ഉപയോഗിക്കുന്ന algorithm (അല്ലെങ്കില്‍ code/ പദ്ധതി) encipherment എന്ന വാക്കില്‍ നിന്നും ഉണ്ടായത്.

cipehertext - encrypt ചെയ്തുകഴിഞ്ഞു കിട്ടുന്ന ഫലം.
decryption - encryption-ന്റെ വിപരീത പരിപാടി. വായിക്കാന്‍ കൊള്ളാത്തതിനെ തിരിച്ചു തെളിയിച്ചു തരുന്നു.

അതായാത്,
cleartext -> encryption -> ciphertext -> decryption -> cleartext

symmetric key (സമാന താക്കോല്‍) encryption - ഞാന്‍ വസ്തു പൂട്ടി വയ്ക്കുന്നു. എന്നിട്ട് പൂട്ടിയപെട്ടി ഒരു വാഹകന്‍ വഴി കിട്ടേണ്ടുന്ന ആള്‍ക്ക് കൈമാറുന്നു. അയാള്‍ എന്റെ പോലെ സമാനമായ ഒരു താക്കോല്‍ വച്ച് തുറക്കുന്നു.
ഉദാഹരണം: ഞാന്‍ "സുഖമാണോ" എന്ന സന്ദേശം കൂട്ടുകാരന് അയയ്ക്കുന്നു. എന്റെ കീ ഇതാണ്. എല്ലാ അക്ഷരങ്ങളും ഒരക്ഷരം തള്ളി എഴുതും. അ = ആ, ആ = ഇ etc. അപ്പൊ സുഖമാണോ എന്നതിന് പകരം ഞാന്‍ അയയ്ക്കുന്ന മെസ്സേജ് "ഹുഗയാതോ" എന്നായിരിക്കും. കിട്ടുന്ന ആള്‍ തിരിച്ചു convert ചെയ്തു സുഖമാണോ എന്ന് വായിക്കും.
പക്ഷെ ഒരു പ്രശ്നം. എങ്ങനെ ഈ കീ അയച്ചു കൊടുക്കും? ഈ കീ encrypt ചെയ്യാതെ അയച്ചാല്‍ അതു ആരെങ്കിലും ഇടയ്ക്ക് നിന്ന് അടിച്ചു മാറ്റി നമ്മുടെ പൂട്ട്‌ തുറക്കും. അതുകൊണ്ട് ഇന്‍റര്‍നെറ്റില്‍ ഉപയോഗിക്കുന്നത് public key encryption (asymmetric key encryption) ആണ്.

asymmetric key encryption - ഇവിടെ രണ്ടു താക്കോല്‍ കാണും. ഒരു public key(പരസ്യ താക്കോല്‍) and ഒരു private key (രഹസ്യ/ സ്വകാര്യ താക്കോല്‍). പ്രൈവറ്റ് കീ മെസ്സേജ് കിട്ടുന്ന ആളിന്റെ കൈയില്‍ മാത്രം കാണും. പബ്ലിക് കീ എല്ലാവര്ക്കും അറിയാം. അതുവച്ച് encrypt ചെയ്യും (പെട്ടി അടയ്ക്കും). തുറക്കാന്‍ പ്രൈവറ്റ് കീ വേണം. പക്ഷെ ഈ പ്രൈവറ്റ് കീ അതിന്റെ സ്വീകര്‍ത്താവിന്റെ കൈയ്യില്‍ മാത്രമേ കാണൂ. അതുകൊണ്ട് അയാള്‍ക്ക്‌ മാത്രമേ അതു തുറക്കാന്‍ പറ്റൂ. പടം നോക്കൂ. ഇന്‍റര്‍നെറ്റില്‍ ഉപയോഗിക്കുന്നത് ഈ സംവിധാനം ആണ്.

ഐന്‍സ്റ്റൈന്റെ തലവിധി
Albert Einstein മരിച്ചിട്ട് 55 വര്‍ഷം കഴിഞ്ഞു. ഇന്നും അദ്ദേഹത്തിന്റെ ബുദ്ധിയുടെ രഹസ്യം ഒരു പ്രഹേളികയാണ്.

തോമസ്‌ ഹാര്‍വി (Thomas Harvey) ഈ രഹസ്യം ചികഞ്ഞു തന്റെ ജോലിയും മാനവും കളഞ്ഞ ഒരു പതോളജിസ്റ്റ് ആണ്. 2007-ല്‍ തോമസ്‌ ഹാര്‍വി മരിക്കുന്നത് വരെ ഐന്‍സ്റ്റൈന്റെ കൂര്‍മ്മബുദ്ധിയുടെ ഉറവിടം അദ്ദേഹത്തിന് പിടികിട്ടിയില്ല. ഹാര്‍വിയുടെ ആ തിരച്ചിൽ‍, പിന്നീടു തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ നിര്‍ണ്ണായകമായ വിവരങ്ങള്‍ മനസ്സിലാക്കുന്നതിനു ഏറെ പ്രയോജനപ്രദമായി.

ശാസ്ത്രത്തിനു വേണ്ടി
ഇതൊരു കെട്ടുകഥ പോലെ തോന്നും. മരണപ്പെട്ട ഒരു പ്രതിഭാധനന്‍‍, മോഷ്ടിച്ച ഒരു തലച്ചോർ‍, വില്ലന്‍ മോഷ്ടാവായ ഒരു പ്രാന്തന്‍ ശാസ്ത്രജ്ഞന്‍...

ക്ലൈമാക്സില്‍ ആ മോഷണം അത്ര വല്യ ഒരു ഭ്രാന്ത്‌ ആയിരുന്നില്ല താനും...

ഐന്‍സ്റ്റൈന്‍ എന്ന മഹാപ്രതിഭ 1955 ഏപ്രില്‍ 18 -നു ന്യൂ ജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ എന്ന സ്ഥലത്തെ പ്രിന്‍സ്റ്റണ്‍ ആശുപത്രിയില്‍ മരണമടഞ്ഞു. ആ പ്രദേശം പത്രപ്രവര്‍ത്തകരെക്കൊണ്ടും, ശാസ്ത്രകുതുകികളെക്കൊണ്ടും നിറഞ്ഞു. ആ ജീനിയസിന്റെ അടുത്ത് ചില നിമിഷങ്ങള്‍ ഒരൊറ്റ തവണ ചെലവിടാന്‍ വേണ്ടി സാധാരണ ജനങ്ങളും തിങ്ങി നിറഞ്ഞു.

ആ മരണം ഭ്രമാത്മകമായ ഒരു ദിവ്യത്വ പരിവേഷം അന്തരീക്ഷത്തില്‍ പടര്‍ത്തി. ഏതോ വൈദികന്‍ കാലശേഷം ചെയ്തപോലെ.

ചങ്കിടിപ്പോടെയാണ് തോമസ്‌ ഹാര്‍വി തന്റെ ദൗത്യം തുടങ്ങിയത്‌. ഹാര്‍വിയ്ക്കാണ് ഐന്‍സ്റ്റൈന്‍റെ മൃതദേഹം ആട്ടോപ്സി ചെയ്യാന്‍ നിയോഗം കിട്ടിയത്. ആട്ടോപ്സിക്കിടെ സാധാരണ പോലെ തലച്ചോര്‍ എടുത്തുമാറ്റി പരിശോധിച്ചു. എന്നാല്‍ അതു തിരിച്ചു മൃതശരീരത്തിനുള്ളില്‍ വയ്ക്കുന്നതിനു പകരം, ഏതൊ ഒരു ഉള്‍വിളിയാൽ അദ്ദേഹം ഫോര്‍മാല്‍ഡിഹൈഡിന്‍റെ കുപ്പിയില്‍ ആ ബ്രെയിന്‍ നിക്ഷേപിച്ചു.

മൂത്ത മകന്‍ ഹാന്‍സ് ആല്‍ബര്‍ട്ട് തനിക്കു അനുവാദം തന്നിരുന്നെന്നു ഹാര്‍വി പിന്നീട് പറഞ്ഞെങ്കിലും ഐന്‍സ്റ്റൈന്റെ കുടുംബം അതു നിഷേധിച്ചു.

എന്തായാലും ഹാര്‍വിയ്ക്ക് ജോലി നഷ്ടപ്പെട്ടു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. ശാസ്ത്രത്തോടുള്ള ഉത്തരവാദിത്വം ആണ് തന്റെ പ്രവര്‍ത്തിയുടെ ന്യായീകരണം ആയി ഹാര്‍വി കരുതിയത്.

ഏതെങ്കിലും ന്യൂറോ അനാട്ടമിസ്റ്റ് ആ ബ്രെയിനിന്റെ ബുദ്ധിശക്തിയുടെ ഉറവിടം താഴ്തുറന്നു കണ്ടു പിടിക്കുമെന്ന് അദ്ദേഹം ദൃഡമായി വിശ്വസിച്ചിരുന്നു. അതു കൊണ്ടു ആ ബ്രെയിന്‍ സൂക്ഷിച്ചു വയ്ക്കേണ്ടത് തന്റെ കടമയായി അദ്ദേഹം തീര്‍ത്തും വിശ്വസിച്ചു.

ഐതിഹാസിക ബ്രെയിനുമായി നിരത്തിലൂടെ
മൈക്കിള്‍ പാറ്റെണിറ്റി (Michael Paterniti) എന്ന എഴുത്തുകാരന്‍ ഈ കഥയില്‍ അതീവ തല്പരനായി. 2005-ൽ ഐന്‍സ്റ്റൈന്‍ മരിച്ചു 40 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ഹാര്‍വിയുമായി സംസാരിച്ചു. അങ്ങനെ ആ ബ്രെയിന്‍ ഐന്‍സ്റ്റൈന്റെ കൊച്ചുമകള്‍ എവെലിനു (Evelyn) തിരിച്ചു കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു.

എവെലിന്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയില്‍ ആണ് താമസിക്കുന്നത്.

ഹാര്‍വിയ്ക്ക് 80+ വയസ്സ് കാണും. താമസിക്കുന്നത് പ്രിന്‍സ്റ്റണില്‍ നിന്നും കുറച്ചു മൈലുകള്‍ അകലെ. റെന്റ് ചെയ്ത ഒരു ബ്യുയിക്ക് സ്കൈലാര്‍ക്ക് (Buick Skylark) കാറില്‍ മൈക്കിള്‍ പാറ്റെണിറ്റി ഹാര്‍വിയുടെ വീട്ടില്‍‌ എത്തി. എത്തിയപാടെ ഹാര്‍വി പോകാന്‍ റെഡിയായിരുന്നു.

"അയാള്‍ രണ്ടു ബാഗുകള്‍ കൊണ്ടു വച്ചു", പാറ്റെണിറ്റി പറഞ്ഞു... "ഒന്നില്‍ ഒരു ടപ്പര്‍വെയര്‍ കണ്ടൈനര്‍ (Tupperware container), അതില്‍ അടച്ചുവച്ചിരിക്കുന്നത് ആ വിഖ്യാതമായ ബ്രെയിനും"

ആ ബാഗുകള്‍ കാറിന്റെ ട്രങ്കില്‍ എടുത്തിട്ട് അവര്‍ കാലിഫോര്‍ണിയ ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് ഡ്രൈവ് ചെയ്തു.

ഈ യാത്രയെക്കുറിച്ച് അയാളുടെ Driving Mr. Albert: A Trip Across America with Einstein's Brain എന്ന പുസ്തകത്തില്‍ പാറ്റെണിറ്റി പറയുന്നുണ്ട്‌.യാത്രക്കിടയില്‍ തന്റെ നിയോഗം നിറവേറ്റാന്‍ ആ ബ്രെയിനിന്റെ പല കഷണങ്ങള്‍ പല ന്യൂറോ സൈന്റിസ്റ്റുകള്‍ക്കും കൊടുത്തതായി ഹാര്‍വി പറയുന്നുണ്ട്.

പാറ്റെണിറ്റി : "അപ്പൊ, ആ തലച്ചോര്‍ മുഴുവനായും ഇല്ല, കുറെ കഷണിച്ചു കഴിഞ്ഞു, അല്ലേ?"

മരിയന്‍ ഡയമണ്ടും മയോണീസ് ജാറും
പഠനത്തിനു വേണ്ടി ഈ ബ്രെയിന്‍ കിട്ടാന്‍ ആഗ്രഹിച്ചവര്‍ ഏറെയുണ്ട്. കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലി യൂണിവേഴ്സിറ്റിയിലെ മരിയന്‍ ഡയമണ്ടിനു ഐന്‍സ്റ്റൈന്റെ ബ്രെയിനിന്റെ നാലു ഭാഗങ്ങളില്‍ നിന്നും സാമ്പിള്‍ കൊടുക്കാമെന്നു ഹാര്‍വി ഒരിക്കല്‍ സമ്മതിച്ചു. മാസങ്ങളോളം അവര്‍ കാത്തിരുന്നു. ഒരു വിവരവും ഇല്ല. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മയോണീസ് ജാറില്‍ അവര്‍ക്ക് കുറെ കഷണങ്ങള്‍ കിട്ടി.

1980-തുകളിൽ‍, പൊതുവേ വിചാരിച്ചിരുന്നത് ന്യൂറോണുകളാണ്  തലച്ചോറിലെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും നടത്തുന്നത് എന്നാണ്. എന്നാല്‍ ഐന്‍സ്റ്റൈന്റെ ബ്രെയിനില്‍ അധികം ന്യൂറോണുകള്‍ ഇല്ലെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പിന്നെന്താണ് ആ ജീനിയസിന്റെ ആധാരം?

Astrocytes (അസ്ട്രോസൈറ്റ്സ്)

ഗ്ലയല്‍ സെല്‍ (glial cell) എന്ന ഒരിനം ബ്രെയിന്‍ സെല്ലിലാണ് ഡയമണ്ട് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചത്. Glia എന്നാല്‍ glue എന്നര്‍ത്ഥം. ന്യൂറോണ്‍സിനെ ഒട്ടിച്ചു വയ്ക്കാന്‍ ഉതകുന്ന വസ്തു എന്നതില്‍ കവിഞ്ഞു വല്യ ധര്‍മ്മം ഒന്നും ഗ്ലയല്‍ സെല്ലുകള്‍ക്കു ഉണ്ടന്നു അന്ന് വിശ്വസിച്ചിരുന്നില്ല.

ഗ്ലയല്‍ സെല്‍സ് ആയ അസ്ട്രോസൈറ്റ്സും (astrocytes) ഒളിഗൊഡെന്‍ഡ്രോസൈറ്റ്സും (oligodendrocytes) ഐന്‍സ്റ്റൈന്റെ ബ്രെയിനില്‍  കൂടിയ തോതില്‍ ഉണ്ടെന്നു ഡയമണ്ട് കണ്ടുപിടിച്ചു. മാത്രമല്ല അവ ബ്രെയിനിലെ ദൃശ്യകല്പനയെയും സങ്കീര്‍ണ്ണമായ ചിന്തയെയും (imagery and complex thinking) സ്വാധീനിക്കുന്ന കോശസമുച്ചയങ്ങളിലാണ്  (tissues) കൂടുതലും കണ്ടത്.

ഈ കണ്ടെത്തല്‍ വളരെ വാര്‍ത്താ പ്രാധാന്യം നേടി.എന്നാല്‍ ഇതു ശരിക്കും ഐന്‍സ്റ്റൈന്റെ ജീനിയസിന്റെ കാരണമാണോ? പിന്നെയും സംശയങ്ങള്‍ ബാക്കി നിന്നു.

ഇതര മസ്തിഷ്കം (The Other Brain)
1990-ൽ, സ്റ്റീഫന്‍ ജെ സ്മിത്ത് എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകന്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പര്‍ ഒരുപാടു ധാരണകള്‍ തിരുത്തി.
 • ന്യൂറോണ്‍സ് വൈദ്യുത ചാര്‍ജും രാസ സന്ദേശങ്ങളും (electric charges and chemical signals) മുഖേനയാണ് സംവദിക്കുന്നത്. വൈദ്യുത ചാര്‍ജുകള്‍ മിസ്സാകാന്‍ സാധ്യത കുറവാണെന്ന് പണ്ടേ ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു.
 • സ്മിത്ത് സംശയിച്ചത് അസ്ട്രോസൈറ്റ്സിനും communicate ചെയ്യാന്‍ കഴിയും എന്നാണ്. എന്നാല്‍ അവ കെമിക്കല്‍ സിഗ്നല്‍സ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ കെമിക്കല്‍ സിഗ്നല്‍സ് ആയതുകൊണ്ട് അവയെ കണ്ടെത്താന്‍ വിഷമമാണ്.
 • അസ്ട്രോസൈറ്റ്സ് ന്യൂറോണ്‍സ് സംവദിക്കുന്നത് ഒളിച്ചു നിന്നു കേള്‍ക്കുകയാണോ (evesdropping) എന്നുപോലും സ്മിത്ത് സംശയിച്ചു. എന്നിട്ടു അവയെ ബ്രെയിനിന്റെ മറ്റു ഭാഗങ്ങളിലേക്ക് പുനസംപ്രേക്ഷണം ചെയ്യുകയായിരിക്കാം. അങ്ങനെ മൊത്തം information transfer-ന്‍റെ സ്പീഡ് കൂട്ടാനും മതി.
എലിയുടെ തലയില്‍ നിന്നും എടുത്ത അസ്ട്രോസൈറ്റ്സില്‍ ഈ പരീക്ഷണം സ്മിത്ത് നടത്തി. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്സ് ഓഫ് ഹെല്‍ത്ത്‌ (National Institutes of Health - NIH) -ലെ ഡോ. ഡഗ്ലസ് ഫീല്‍ഡ്സ് (Douglas Fields) തന്റെ ലാബില്‍ ഈ പരീക്ഷണം വീണ്ടും ചെയ്തു.

സംവദിക്കുന്ന അസ്ട്രോസൈറ്റ്സ്
ഒരു നക്ഷത്രരാത്രിയിലെ ആകാശത്തെ ദൂരദര്‍ശിനിയില്‍ക്കൂടെന്നപോലെ ഫീല്‍ഡ്സ് ഒരു മൈക്രോസ്കോപ്പില്‍ കൂടി പാത്രത്തിലെ അസ്ട്രോസൈറ്റ്സ് സെല്ലുകളെ സാകൂതം വീക്ഷിച്ചു.

"ഞാന്‍ ഈ പിപ്പെറ്റിലൂടെ ഗ്ലൂട്ടമേറ്റ് (glutamate) എന്ന neurotransmitter (സെല്ലുകള്‍ സിഗ്നല്‍സ് അയയ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു) അസ്ട്രോസൈറ്റ്സ് ഡിഷിലേക്ക് ഒഴിക്കാന്‍ പോവുകയാ" അയാള്‍ പറഞ്ഞു. "നമുക്കു നോക്കാം അസ്ട്രോസൈറ്റ്സിന് ആ neurotransmitter-നെ മനസ്സിലാക്കാന്‍ കഴിയുമോ എന്ന്"

ന്യൂറോണ്‍സ് സാധാരണ ഉപയോഗിക്കുന്ന ഒരു രാസസന്ദേശകാരിയാണ് ഗ്ലൂട്ടമേറ്റ്.

ഫീല്‍ഡ്സ് : "ശരി, ഞാന്‍ neurotransmitter ഒഴിച്ചു കഴിഞ്ഞു"

പെട്ടെന്ന് ഫീല്‍ഡ്സ് അസ്ട്രോസൈറ്റ്സിന്‍റെ വീഡിയോ കാണിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സ്ക്രീന്‍ ചൂണ്ടിക്കാട്ടി തുള്ളിച്ചാടി പറഞ്ഞു...

"ദാ, കണ്ടോ അത്?"അസ്ട്രോസൈറ്റ്സിന്‍റെ ഒരു പടല തീവ്ര നിറത്തിൽ കത്തി നില്‍ക്കുന്നു.

പിന്നെ പതുക്കെ ആ നിറം ആദ്യത്തെ പോയിന്റില്‍ നിന്നും ഓരോ ദിശയിലേക്കും പകര്‍ന്നു പോകുന്നു. ഒരു അസ്ട്രോസൈറ്റില്‍ നിന്നും മറ്റൊന്നിലേക്കു സന്ദേശം കൈമാറുകയാണ്.

"ഒരു പായ്ക്കിംഗ് എന്ന് ഇത്രയും നാള്‍ നമ്മള്‍ കരുതിയിരുന്ന വസ്തു ശരിക്കും ഒരു സന്ദേശവാഹകം ആണ്"

ഈ കണ്ടുപിടിത്തം മസ്തിഷ്കത്തില്‍ ഒളിഞ്ഞു കിടന്ന മറ്റൊരു മസ്തിഷ്കത്തെ ലോകത്തിനു കാട്ടിക്കൊടുത്തു. ഇതേക്കുറിച്ച് ഫീല്‍ഡ്സ് The Other Brain എന്ന ഒരു പുസ്തകം എഴുതിയട്ടുണ്ട്‌.നിയോഗ സാക്ഷാത്കാരം
ഫീല്‍ഡ്സിന്റെ പുസ്തകം തുടങ്ങുന്നത് ഹാര്‍വിയുടെ മസ്തിഷ്ക മോഷണത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. ഹാര്‍വിയ്ക്കു ആ ബുക്കു വായിക്കാന്‍ കഴിഞ്ഞില്ല, അദ്ദേഹം 2007-ല്‍ മരിച്ചു. അദ്ദേഹം അത് അറിഞ്ഞിരുന്നെകില്‍ ഏറെ സന്തോഷിച്ചിരുന്നേനെ. തന്റെ കൃത്യം വളഞ്ഞ വഴിയിലാണെങ്കിലും ഒരു കണ്ടെത്തലിനു വഴിമരുന്നിട്ടെന്ന വിചാരത്തിൽ.

എവെലിന്‍ ഐന്‍സ്റ്റൈന്റെ ബ്രെയിന്‍ ഏറ്റെടുത്തില്ല. അവള്‍ക്കു അത് വേണ്ടായിരുന്നു. ഹാര്‍വി അത് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പതോളജി വിഭാഗത്തിനു കൊടുത്തു. അത് അവിടെ ഇപ്പോള്‍ സുരക്ഷിതമായിരിക്കുന്നു.


അവലംബം: